കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.പി. ദിവ്യ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ സമരം തുടങ്ങി. ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
ഒരു പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത നടപടിയാണ് ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ചെങ്ങളായിയിലെ പെട്രോള്‍ ബങ്കിന് എന്‍ഒസി നല്‍കിയതില്‍ അഴിമതി നടത്തിയെന്ന ആരോപണമാണ് പി പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കപ്പെടാതെ ചെന്ന് പരസ്യമായി ഉന്നയിച്ചത്. എന്‍.ഒ.സി നല്‍കാന്‍ താന്‍ എഡിഎമ്മിനോട് പലതവണ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കിയില്ലെന്നും പിന്നീട് അത് നല്‍കിയതിന് പിന്നില്‍ എന്താണ് നടന്നതെന്ന് തനിക്കറിയാമെന്നും പി പി ദിവ്യ പറയുകയുണ്ടായി. ഒരു പെട്രോള്‍ പമ്പിന്റെ കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള പ്രത്യേക താല്‍പര്യം എന്താണെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. അഥവാ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഒരു പൊതുപ്രവര്‍ത്തക അത് മൂടിവെക്കുകയല്ല ചെയ്യേണ്ടത്. കൃത്യമായ പരാതി ഉത്തരവാദപ്പെട്ട അധികാരികള്‍ക്ക് നല്‍കണം. അല്ലാതെ തന്റെ കയ്യില്‍ തെളിവുണ്ടെന്നും സര്‍ക്കാര്‍ ജോലി ഇല്ലാതാകാന്‍ ഒരു നിമിഷം മതിയെന്നും പറഞ്ഞ് ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. ക്ഷണിക്കപ്പെടാതെ ഒരു വേദിയില്‍ കയറിച്ചെന്ന് ഉദ്യോഗസ്ഥനെ അവഹേളിക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്. ഇത്തരത്തില്‍ പ്രസംഗിക്കുമെന്ന് മുന്‍കൂട്ടി ചില മാധ്യമങ്ങളെ അറിയിച്ച ശേഷമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് കയറിച്ചെന്നത്. ഭരണകക്ഷി നേതാവ് എന്ന ധാര്‍ഷ്ട്യത്തോടെ പെരുമാറിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആ ഉദ്യോഗസ്ഥനെ മാനസികമായി തകര്‍ത്ത് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു.ഇതു പോലൊരു ധാര്‍ഷ്ട്യത്തിന്റെ ഇരയാണ് ആന്തൂരില്‍ ജീവനൊടുക്കിയ സംരംഭകനായ സാജന്‍. അന്ന് തന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് എന്‍.ഒ.സി കിട്ടാന്‍ പല തവണ സിപിഎം വനിതാനേതാവ് ചെയര്‍പേഴ്‌സണായ ആന്തൂര്‍ നഗരസഭാധികൃതരെ സമീപിച്ചിട്ടും ഫലമില്ലാതെ മനംനൊന്താണ് സാജന്‍ ജീവനൊടുക്കിയത്. അന്ന് ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇപ്പോള്‍ ഒരു പെട്രോള്‍ ബങ്കിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം വന്നിട്ടുണ്ടെങ്കില്‍ അതിനു പിന്നിലും അഴിമതി സംശയിക്കേണ്ടതല്ലേ. ചെങ്ങളായിയിലെ പെട്രോള്‍ ബങ്കിന് എന്‍ഒസി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തണം. ഈ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള പ്രത്യേക താല്‍പര്യമെന്തെന്നും പുറത്തു വരേണ്ടതുണ്ട്. തന്റെ അധികാരപരിധിയിലല്ലാത്ത ഒരു വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പി.പി.ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ അവകാശമില്ല. ദിവ്യയ്‌ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം. എഡിഎം നവീന്‍ബാബുവിന്റെ മരണത്തിലും സമഗ്രമായ അന്വേഷണമുണ്ടാകണം , അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു .
P.P. The Congress started a protest demanding the arrest of Divya.